ഗ്രാമ പഞ്ചായത്തിന്‍റെ ഭൂമി ശാസ്ത്രം
കോട്ടയം ജില്ലയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തിരുമണി വെങ്കിടപുരം എന്ന ടി.വി പുരം ഗ്രാമപഞ്ചായത്ത് ഒറ്റ നീര്‍ത്തട യൂണിറ്റായ കരിയാര്‍ നീര്‍ത്തടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ചെറുതോ വലുതോ ആയ ഏത് നീര്‍ച്ചാലിലൂടെയും വെളളം ഒഴുകിയെത്തുന്ന പ്രദേശം, ഈ പ്രദേശത്തോടു ചേര്‍ന്നു കിടക്കുന്ന പുരയിടവും - ഇതാണ് നീര്‍ത്തടത്തിന്‍റെ വ്യാപന മേഖല. ഇങ്ങനെ ഒഴുകിയെത്തുന്ന നീര്‍ച്ചാലുകളുടെ ബഹിര്‍ഗമനം വരെ നീണ്ടുകിടക്കുന്ന പുരയിടങ്ങളും പാടങ്ങളും ചേര്‍ന്നതാണ് നീര്‍ത്തടം.
നമ്മുടെ പഞ്ചായത്തിനെ കായല്‍ തീരം, സമതല പ്രദേശം, ആറ്റുതീരം എന്നിങ്ങനെ മൂന്നായി കണക്കാക്കാം. മണ്ണിന്‍റെ ഘടന, പൊതുവെ പശിമരാശിയാണെങ്കിലും, തീരം വിട്ട് സമതലങ്ങളിലേക്ക് വരുമ്പോള്‍ ചൊരിമണലിന്‍റെ സാന്നിധ്യം കാണുന്നു.
ഒരുകാലത്ത് കരിയാറിന്‍റെ തീരങ്ങളിലും ചെമ്മനത്തുകരയുടെ ഉള്‍ത്തോടുകളിലും കണ്ടല്‍കാടുകളും ആത്തമരങ്ങളും ധാരാളമായി വളര്‍ന്നുനിന്നിരുന്നു. അത് വ്യാപകമായി വെട്ടിനശിപ്പിച്ചതിന്‍റെ ഫലമായി മത്സ്യസമ്പത്തിലും കുറവ് വന്നു.
നമ്മുടെ പഞ്ചായത്തിന്‍റെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്ന കരിയാര്‍ ശുദ്ധജലമുളളതാണ്. വേമ്പനാട്ട് കായലില്‍ വേനല്‍കാലത്ത് ഉപ്പുവെളളവും മഴക്കാലത്ത് ശുദ്ധജലവുമാണെങ്കിലും, ശുദ്ധമായ കുടിവെളളം ഈ പ്രദേശത്ത് ലഭ്യമല്ല. കുടിവെള്ളത്തിന് ജലഅതോറിട്ടിയുടെ കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. തോടുകളും നീര്‍ച്ചാലുകളും പലതും നികത്തപ്പെട്ടതിനാലും വെളളമൊഴുക്കിന്‍റെ തടസ്സങ്ങള്‍ പല സ്ഥലങ്ങളിലും മാറ്റപ്പെടാത്തതിനാലും നീരൊഴുക്ക് കുറയുകയും കൃഷിക്ക് ആവശ്യത്തിന് ജലം ലഭിക്കാതാവുകയും ചെയ്തു.
പ്രധാന വിളയായ നാളികേര ഉല്‍പാദനത്തില്‍ വളരെ കുറവ് സംഭവിച്ചിരിക്കുകയാണ്. പയറാട്ട്, ചേരിക്കല്‍ പ്രദേശങ്ങളില്‍ ജലലഭ്യതയുടെ കുറവുമൂലം നെല്‍കൃഷി വേണ്ടവിധത്തില്‍ ചെയ്യാനാകുന്നില്ല. തഴപ്പായ നിര്‍മാണത്തിനുളള കൈത ധാരാളമായി ലഭിക്കുന്നതിനാല്‍ ഈ മേഖലയിലും തൊഴില്‍ ചെയ്യുന്നവര്‍ ഉണ്ടായിരുന്നു.
ഭൂമിശാസ്ത്രപരമായി ഈ നീര്‍ത്തടം അക്ഷാംശം 90 48چ രേഖാശം 760 28چ ല്‍ സ്ഥിതി ചെയ്യുന്നു. ആര്‍ദ്രത കൂടിയ മിതശീതോഷ്ണ പ്രദേശമായ ഈ പഞ്ചായത്തിന്‍റെ കിഴക്കേ അതിര്‍ത്തി മൂവാറ്റുപുഴയാറിന്‍റെ കൈവഴിയായ കരിയാറാണ്. തെക്കുംപടിഞ്ഞാറും അതിരുകള്‍ പങ്കിടുന്നത് കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായലാണ്. വേമ്പനാട്ടു കായലിന്‍റെ ഏറ്റവും വീതികൂടിയ ഭാഗവും നമ്മുടെ പഞ്ചായത്തിന്‍റെ തെക്കുപടിഞ്ഞാറെ മൂലയാണ്. പഞ്ചായത്തിന്‍റെ തെക്കുകിഴക്കേ മൂലയില്‍വച്ച് കരിയാര്‍ വേമ്പനാട്ടു കായലില്‍ ചേരുന്നു. നമ്മുടെ പഞ്ചായത്തിന്‍റെ വടക്ക് ചരിത്രപ്രസിദ്ധമായ വൈക്കം നഗരം സ്ഥിതി ചെയ്യുന്നു.
പഞ്ചായത്തിന്‍റെ വിസ്തീര്‍ണം 17.03 ച. കി. മീറ്റര്‍ ഉണ്ടെങ്കിലും കര പ്രദേശം 7.86 ച. കി. മീറ്റര്‍ മാത്രമേയുള്ളൂ. ആയതിനാല്‍ ജനസാന്ദ്രതയുടെ കാര്യത്തില്‍ നമ്മുടെ പഞ്ചായത്ത് ഏറ്റവും മുന്നിലാണ്. 7.86 ച. കി. മീറ്ററില്‍ 0.45 ച. കി. മീറ്റര്‍ ഭൂമിയേ പാടശേഖരമായി ഉള്ളൂ എങ്കിലും ഏകദേശം തരിശായി കിടക്കുന്ന കൃഷിയിടങ്ങളും നിലവിലുണ്ട്.